പ്രതീക്ഷിച്ചതും പ്രതീക്ഷിക്കേണ്ടതും: ഒരനുഭവം
ഞങ്ങള്‍ നടന്നു.
പരിചയമില്ലാത്ത വഴികളിലൂടെ.
ഊടുവഴികളിലൂടെ.
കൊതുകുവളര്‍ത്തല്‍ കേന്ദ്രങ്ങളായ് മാറിയ,
നാറുന്ന, 
ഭീമന്‍ കുഴികളുള്ള റോഡുകളിലൂടെ.

സോഡിയം വേപ്പര്‍ വിളക്കുകളുടെ
അരണ്ട മഞ്ഞവെളിച്ചവും
ഒരു പണിയുമില്ലാതെ ഞങ്ങളെപ്പോലെ
കറങ്ങി നടക്കുന്ന പട്ടികളുടെ കുരയും മാത്രം.
ലക്‌ഷ്യം, ഒരു ബുദ്ധവിഹാരം.

കേട്ടറിവ് മാത്രമുള്ള സ്ഥലം. ഗൂഗിള്‍ മാപ്പും
ഒരു ബൂര്‍ഷ്വാ-ലാപ്പ്ടോപ്പുകാരിയുമാണ് ആശ്രയം.
(ലാപ്പ്ടോപ്പിന്‍റെ  മൊതലാളീ, എന്നെ തല്ലല്ലേ!)

മറ്റൊരു ബുദ്ധവിഹാരം കണ്ട ഓര്‍മയുണ്ട്.
അതുകൊണ്ട് ദൂരെനിന്നേ വിഹാരത്തിന്‍റെ
സ്വര്‍ണഗോപുരങ്ങളും അലങ്കാരപണികളും
ഞങ്ങളെ വരവേല്‍ക്കുമെന്നു വിചാരിച്ചു
ഞാന്‍ നടന്നു.
സോറി, ഞങ്ങള്‍ നടന്നു.

'T ' ആകൃതിയില്‍ റോഡ്‌ ഒരിടത്ത്‌ നിന്നു.
മുമ്പില്‍ ഒരു  അമ്പലം.
അതിന്‍റെ ഇടതുഭാഗത്ത്‌, മതിലിനുള്ളില്‍
ചെറിയൊരു കോണ്‍ക്രീറ്റ് കെട്ടിടവും വളപ്പില്‍
ഒരു അരളിമരവും.
ഗേറ്റിനു മുന്നില്‍ അക്ഷരങ്ങള്‍ മാഞ്ഞു പോയ്കൊണ്ടിരിക്കുന്ന
ഒരു ഇംഗ്ലീഷ് ബോര്‍ഡും, 'ബുദ്ധവിഹാര.'

തിരികെ നടന്നപ്പോള്‍ ആലോചിച്ചു,
'സര്‍വ്വസംഗപരിത്യാഗിക്കെന്തിനാ   സ്വര്‍ണം?'




Comments

Post a Comment

Popular posts from this blog

(എനിക്കു വേണ്ടാത്ത) കൂട്ടുകാരൻ

താടിക്കൊരു പ്രേമലേഖനം (വിരഹലേഖനം)

നൂറ്... പേര് നൂറ്