താടിക്കൊരു പ്രേമലേഖനം (വിരഹലേഖനം)


എന്ന് നിന്റെ അതുൽകുട്ടൻ! 

(കഴിഞ്ഞ ദിവസം താടി ട്രിം ചെയ്യാൻ നിർബന്ധിതനായ രാത്രി എഴുതിയ കുറിപ്പ്) 


എത്രയും പ്രിയപ്പെട്ട എന്റെ താടീ,

ഏറെ വേദനയോടെയാണ് ഞാൻ ഈ കുറിപ്പ് ഇപ്പോൾ നിനക്ക് എഴുതുന്നത്‌. കുറെക്കാലമായി നീ എന്റെ കൂടെയുണ്ടെങ്കിലും കഴിഞ്ഞ രണ്ടു-മൂന്നു മാസമായി നമ്മൾ തമ്മിലുള്ള ആത്മബന്ധം വർദ്ധിച്ചത് നിനക്കറിയാമല്ലോ. അത് കൊണ്ടാണ് ഒരു കത്രിക കൊണ്ട് പോലും നിന്നെ വേദനിപ്പിക്കാതെ പാലേ തേനെ, നിന്നെ  പൊന്നു പോലെ വളർത്തികൊണ്ടുവന്നത്. ഇപ്പോൾ നാം പിരിയേണ്ടതായ ഒരവസ്ഥ സംജാതമായിരിക്കുന്നു. ഞാൻ ഈ വേർപാട് പ്രതീക്ഷിച്ചത് തന്നെയാണ്. പക്ഷെ, ഈ പിരിയൽ ഇത്ര രൂക്ഷവും, വേദനാജനകവും, ചടുലവുമാവുമെന്നു ഞാൻ കരുതിയില്ല. എന്തു ചെയ്യാം, വിധി ചിലപ്പോൾ അങ്ങനെയാണ്.

ഇഷ്ടമായിരുന്നു എനിക്ക് നിന്നെ. അത് കൊണ്ടാണ്, കുളിക്കുമ്പോൾ ചില നേരത്ത് മര്യാദക്കു സോപ്പ് പോലും തേക്കാത്ത ഞാൻ കഴിഞ്ഞ ഒരു മാസമായി, നിനക്ക് കുറച്ചു വളർച്ച എത്തിയതിൽ പിന്നെ, ദിവസവും ഷാമ്പൂവും കണ്ടീഷണറും എന്നയുമൊക്കെ തേച്ചു നിന്നെ പരിപാലിച്ചു പോന്നത്. ഭീകരവാദി എന്നും, ടെററിസ്റ്റ് എന്നും ഐസിസ്കാരനെന്നും ഒക്കെ പറഞ്ഞു എന്നിലൂടെ നിന്നെ കളിയാക്കിയവരുടെ വാക് വെടിയുണ്ടകൾക്കു മുന്നിൽ  ഞാൻ വിരിമാര് കാണിച്ചു നിന്നു നിന്നെ സംരക്ഷിച്ചു. ഇനി വയ്യ. ഞാൻ തളർന്നു. അതിനിടയാക്കിയ സാഹചര്യം ഇവിടെ വിവരിക്കാതെ വയ്യ.

ഏറെ ആഹ്ലാദത്തോടെയാണ് ഞാൻ ഈ രാത്രി എന്റെ സ്വന്തം വീട്ടിലേക്കു, മാസങ്ങള്ക്ക് ശേഷം വന്നത്. സ്കൂട്ടറിൽ നിന്നിറങ്ങി "വാതിൽ തുറക്കൂ അമ്മേ" എന്ന് അനിയൻ പറഞ്ഞ് അമ്മ വാതിൽ തുറക്കുന്നതിനു തൊട്ടു മുമ്പേ കറന്റ് പോയി. അത് കൊണ്ട് കേറിചെന്നപ്പോൾ അമ്മച്ചി എന്റെ മുഖം കണ്ടില്ല. പിന്നീട് ലൈറ്റ് വന്നതിനു ശേഷമുള്ള രൂക്ഷമായ വാക് ആക്രമണത്തിൽ നിന്ന് ഞാൻ നിഗമനം  ചെയ്തെടുത്തത്, ആ നിമിഷം കറന്റ് എങ്ങാനും ഉണ്ടായിരുന്നേൽ എന്റെ ക്ഷൗരവും നമ്മൾ തമ്മിലുള്ള വേർപിരിയലും ആ പടിക്കൽ വച്ച് തന്നെ നടന്നേനെ എന്നാണ്. അത്രയ്ക്ക് ഭീദിതമായിരുന്നു അപ്പോഴത്തെ അവസ്ഥാന്തരം. 


ദി ബാറ്റിൽ വിൽ കണ്ടിന്യൂ!


എന്നെ പറഞ്ഞതെന്തോക്കെ എന്ന് ഞാൻ ഇവിടെ വിവരിക്കുന്നില്ല. താടിയെക്കുറിച്ചുള്ള എന്റെ ലോജിക്കലും ബിബ്ലിക്കലും ആയുള്ള ആർഗ്യുമെന്റ്സ് എല്ലാം അമ്മച്ചി നിഷ്ക്കരുണം തള്ളിക്കളഞ്ഞു. യൗസെപ്പിതാവിന്റെയും വിശുദ്ധ Frederick ഓസാനാമിന്റെയും ഫോട്ടോ വച്ചുള്ള എന്റെ വിലപേശലും കാര്യകാരണമേതുമില്ലാതെ തള്ളി. "എന്തൊരു കൊലമാടാ ഇത്? ഇനി ഇങ്ങോട്ട് വരണ്ട. ഇങ്ങനെ ശ്രദ്ധയില്ലാതെയും അലസമായും നടക്കാൻ നാണമില്ലേ" എന്നൊക്കെ പറഞ്ഞു. "അമ്മച്ചി അതു പറയരുത്. എന്നും ഷാമ്പൂ തേച്ചു ഞാൻ വളരെ ശ്രദ്ധയോടെയാണ് നോക്കുന്നത്" എന്ന് ഞാൻ പറഞ്ഞു. അതും ഒരു മയമില്ലാതെ തള്ളിക്കളഞ്ഞു. "ഞാൻ നിന്നെ പൂട്ടിയിടും, രാത്രി ഉറങ്ങുമ്പോൾ മണ്ണെണ്ണ ഒഴിച്ച് താടി കത്തിക്കും" എന്നെല്ലാം പറഞ്ഞു. അമ്മച്ചിയുടെ arguments തീരെ ലോജിക്കൽ അല്ലായിരുന്നു. Emotional അത്യാചാറിലൂടെ, Psychosisന്റെ ഊടുവഴികളിലൂടെ ഒരു ഭ്രാന്തിയെപ്പോലെ അമ്മച്ചി എന്റെ താടി വടിപ്പിക്കുവാനുള്ള ശ്രമം തുടർന്നു. 

എന്തും ഞാൻ നിനക്ക് വേണ്ടി സഹിക്കുമായിരുന്നു. പക്ഷെ അമ്മച്ചിയുടെ അവസാന ആയുധം എന്നെ തളർത്തിക്കളഞ്ഞു. ഞാൻ തിരിച്ചു ഹൈദരാബാദ് പോകുമ്പോൾ തന്നു വിടാനിരുന്ന ഉണക്ക ഇറച്ചിയും ഉണക്ക ചെമ്മീനും ചമ്മന്തിപ്പൊടിയും തന്നു വിടുന്ന പ്രശ്നമില്ല എന്ന് പറഞ്ഞു അമ്മച്ചി. ഞാൻ അടിമുടി തളർന്നു. ചന്തു തോറ്റു കൊടുത്തു. ആ ഭീഷണിക്കു മുന്നിൽ  എന്റെ ദേഹവും ദേഹിയും വെന്തു വെണ്ണീർ ആയപോലെ തോന്നി. ഞാൻ പരാജയപ്പെട്ടു. നാളെ നിന്നെ ഞാൻ ഉപേക്ഷിക്കുന്നു. 

എന്റെ താടി സുഹൃത്തേ, ഒന്നോർക്കുക. ഈ പിരിയൽ ശാശ്വതമല്ല, താൽക്കാലികമാണ്. നാം വീണ്ടും ഒന്നിക്കും. ഇതിപ്പോൾ ഞാൻ ഈ വീടിന്റെയും അമ്മച്ചിയുടെയും ദാക്ഷിണ്യത്തിൽ ആയതു കൊണ്ട് മാത്രമാണ്. പ്രവാചകൻ എപ്പോഴും സ്വന്തം ഭവനത്തിലും നാട്ടിലും അവഗണിക്കപ്പെടാറാണല്ലോ പതിവ്. അതിവിടെയും സംഭവിച്ചു എന്ന് കരുതുക. മനസ്സിൽ വിങ്ങിപ്പൊട്ടിക്കൊണ്ട് ഞാൻ വിട പറയട്ടെ, ഗുഡ് ബൈ!



എന്ന് നിന്റെ ,

അതുൽകുട്ടൻ

(ഒപ്പ്)

Comments

Popular posts from this blog

(എനിക്കു വേണ്ടാത്ത) കൂട്ടുകാരൻ

നൂറ്... പേര് നൂറ്