നൂറ്... പേര് നൂറ്


"ഞമ്മക്കും ചിലത് പറയാനുണ്ട്"
"എനിക്ക് കേക്കണ്ട!"
"എന്നാ ചെവി പൊത്തിക്കള... പലിശക്ക് പണം കൊടുക്കുന്ന മാമാന്റെ ആട്ടും തുപ്പും സഹിച്ചിട്ട് ഞമ്മളിവിടെ കഴിയാ... എന്തിന്? മൈമുനെനെ മറ്റാരും തട്ടിക്കൊണ്ടുപോകാണ്ടിരിക്കാൻ. ശമ്പളമില്ല... നല്ലൊരു ഷഡ്ഢി വാങ്ങാൻ ഉള്ള പൈസ പോലും അയാള് തരൂല... സഹിക്ക്യാ."


-------------------------------

"ഈ അവസ്ഥയിൽ എനിക്ക് എന്ത് സഹായമാണ് വേണ്ടതെന്ന് നിനക്കൂഹിച്ചൂടെ?"
"ഊഹിക്കാ... ആദ്യം കെടക്കാനൊരു സ്ഥലം... പിന്നൊരു പണി"
"അതെ"
"രണ്ടും നടക്കൂല"
"നൂറേ!"
"മോനെ അപ്പുക്കുട്ടാ, ഞമ്മള് തല ചായക്കണതെവിടാന്നറിയാ നെനക്ക്? ഡാ അങ്ങോട്ട് നോക്ക്, ആ ജൂസ് കടേടെ പിന്നിലൊരു മറയുണ്ട്. അവിടെയൊള്ളോരു ബെഞ്ചിലാ."
"നല്ല വീതിയുള്ള ബെഞ്ചാണോ?"

-------------------------------

"ഇനി നമ്മളെന്തു ചെയ്യൂടാ?"
"നമ്മളോ? ഇനിക്കെന്താ കൊയപ്പം? രണ്ടായിരം റുപ്യേന്റെ പണി, മോട്ടോർ സൈക്കിള്, താമസിക്കാൻ സ്ഥലം, എല്ലാണ്ടല്ലോ. ഞമ്മക്കെന്താ ള്ളത്? മാമേം പോയി, മൈമുനേം പോയി, കയ്യിലാണെങ്കിൽ കാക്കാശില്ല... പടച്ചോനെ, കണ്ണിലിരുട്ടു കേറുന്ന പോലെ തോന്നുന്നു."
"അത് സന്ധ്യയാവാൻ പോവുന്ന കൊണ്ട് തോന്നുന്നതായിരിക്കും."
"എന്ത്?"
"ഇരുട്ട്"
"അപ്പൊ നെഞ്ചില് കത്തിക്കൊണ്ടിരിക്കുന്ന തീയോ?"


----------------------------

"നീ പടച്ചോനെ കണ്ടിട്ടണ്ടാ?"
"ഇല്ലാ, കണ്ടിരുന്നെങ്കി ഒന്ന് ചോയ്ക്കാരുന്നു, എന്തിനാ ഇങ്ങനെ പടച്ചു വിട്ടേന്നു"
"ന്നാ ഞമ്മള് കണ്ടിട്ടുണ്ട്."
"എവിടെ വച്ച്"
"പലേടത്തും വച്ച്. ഒരിക്കല് ബസ്സില് ടിക്കറ്റെടുക്കാൻ  20 പൈസ കുറവായപ്പോ, ഉസ്ക്കൂളില് പഠിപ്പിച്ച പണിക്കര് മാഷെ രൂപത്തില് വന്ന്, 20 പൈസ തന്ന്. പിന്നൊരിക്കൽ ഇടപ്പള്ളി പെരുന്നാളിന് കാശില്ലാണ്ട് വിശന്നു വലഞ്ഞപ്പോ ഒരു ദുബൈക്കാരന്റെ രൂപത്തില് വന്ന്, ബിരിയാണി വാങ്ങിത്തന്ന്. അങ്ങനെ കഷ്ടപ്പെടുന്ന നമ്മടെ മുമ്പില് പല രൂപത്തിലാണ് പടച്ചോൻ വരിക. ഇപ്പൊ ഈ ചന്ദ്ര എന്ന് പറയുന്ന പെങ്കൊച്ചിന്റെ രൂപത്തിലാണ് വന്നിരിക്കുന്നതെന്നു വച്ചോളീ!"
......

"ഡാ, നീ ചെകുത്താനെ കണ്ടിട്ടൊണ്ടാ?"
"ണ്ടല്ലോ, ഞമ്മടെ മാമാ."


------------------------------

 "എപ്പഴോ കൊറേ ഐസ് മുട്ടായി വാങ്ങിച്ചു തന്നൂന്നു പറഞ്ഞിട്ട് അതിന്റെ നന്ദി കാണിക്കാൻ വേണ്ടി നിന്റെ പിന്നാലെ ഇറങ്ങിത്തിരിച്ച എന്റെ ഇപ്പഴത്തെ സ്ഥിതി ആലോചിച്ചിട്ട് ഇനിക്ക് വിഷമമില്ല? എങ്ങാണ്ടുന്നോ വന്ന ഒരു പൂത്ത കാശുകാരിപ്പെണ്ണിന്റെ കെടപ്പ് കണ്ടപ്പോ, നിന്റെ ചങ്കു നൊന്തു അല്ലേ? ഞമ്മളേം ഞമ്മളെ പെണ്ണിനേം മാമാനേം പറ്റിച്ചപ്പോ ഇല്ലാതിരുന്ന നിന്റെ ഈ വെഷമം, ഞമ്മളെ കാണിക്കാനൊള്ളതല്ലേ? 23 ലക്ഷം ഒറ്റയ്ക്ക് അടിച്ചു മുങ്ങാനുള്ള പരിപാടിയാണെങ്കി അത് പറഞ്ഞാ മതി, എനിക്ക് നിന്റെ കാശ് വേണ്ട. നീയ് വെല്യ പണക്കാരനാവുമ്പോ മാമേന്റെ പൈസ കൊടുത്തിട്ടില്ലെങ്കിലും ആ പാവം മൈമുനെന്റെ മൂവായിരം റുപ്യേങ്കിലും കൊടുത്തേക്കണം. എനിക്കവളെ കിട്ടീട്ടില്ലെങ്കിലും സാരോല്ല, ആ പാവത്തിനെ പറ്റിച്ചാ നീ ഒരു കാലത്തും ഗുണം പിടിക്കൂല!"

-----------------------------------


നൂറുദ്ദീൻ എന്ന നൂറ് - ശ്രീനിവാസൻ ചെയ്ത ഏറ്റവും നല്ല കഥാപാത്രങ്ങളിൽ ഒന്ന്. ശമ്പളമില്ലാതെ ജോലി ചെയ്ത്, എല്ലാരുടേം, ആട്ടും തുപ്പും കളിയാക്കലും കൊണ്ടിട്ടും സഹിച്ചു മറ്റുള്ളവരെ സഹായിക്കാനുള്ള ഒരു മനസ്സ്. ടൈ കെട്ടി നടക്കുന്ന കൂട്ടുകാരന്റെ, ബെൽറ്റിനു പകരം കയർ കെട്ടി നടക്കാൻ മാത്രം കഴിയുന്ന, എന്നാലും അവനെ അകമഴിഞ്ഞ് സഹായിക്കുന്ന കൂട്ടുകാരൻ. അറിയാത്ത പണിക്ക് പോയിട്ടാണെങ്കിലും 5000 രൂപ കമ്മീഷൻ കിട്ടുമെന്നറിഞ്ഞപ്പോൾ അതിൽ 3000 രൂപ മൈമുനക്ക് കൊടുക്കാൻ പറ്റുമല്ലോ എന്നോർത്ത് അത് വാങ്ങി, അതിനും തെറി കേട്ടവൻ . "അന്തസ്സുള്ള ഇല്ലത്തെ നായരാടോ, ഇല്ലായിരുന്നേ കാണാമായിരുന്നു" എന്ന് ഉദ്‌ഘോഷിക്കുന്ന കൂട്ടുകാരനെക്കാൾ ഗതികേട് കൊണ്ട് ചന്ദ്രയെ ഉമ്മവച്ചു അതിനും അടികൊണ്ട് എന്നിട്ടും അവനെ സഹായിക്കുന്ന  നൂറാണ് എന്റെ ഹീറോ.

നൂറുദ്ദീൻ എന്ന നൂറ് - നൂറിഷ്ടം!


Comments

Popular posts from this blog

(എനിക്കു വേണ്ടാത്ത) കൂട്ടുകാരൻ

താടിക്കൊരു പ്രേമലേഖനം (വിരഹലേഖനം)