ഗോവചരിതം - ട്രിപ്പ്‌കഥ

ഗോവചരിതം - ട്രിപ്പ്‌കഥ

ആമുഖം

എന്റെ പ്രിയപ്പെട്ട സുഹൃത്ത് സെപ്റ്റംബറിൽ കല്യാണം കഴിക്കാൻ പോകുന്നു. അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഫോണിൽ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ പറഞ്ഞു, "ഓഗസ്റ്റിൽ നിന്റെ മനസ്സമ്മത്തിന് വരുന്ന സമയം എന്റെ ഓഫിസിൽ ഉള്ള കുറച്ചു പേർ ഗോവക്കു പോണ്. എന്നോട് ചോദിച്ചു വരുന്നുണ്ടോന്നു, ഞാൻ ഇല്ലാന്ന് പറഞ്ഞു."
കേട്ടപാതി അവൻ, "എടാ, നമുക്കൊന്നു പോയാലോ?" ഞങ്ങൾ രണ്ടും ഗോവ കണ്ടിട്ടില്ല. "ശെരി, പൊയ്ക്കളയാം" എന്നു ഞാൻ. പിന്നെ ഒരു രണ്ടു മൂന്നു ദിവസം എപ്പോ, എങ്ങനെ, ലീവ് എത്ര ബാക്കി, എന്നുള്ള ചർച്ചകൾ ആയിരുന്നു. അങ്ങനെ അവസാനം ജൂലൈ രണ്ടാം വാരം, ഗോവയിൽ മൺസൂൺ അഥവാ ഓഫ് സീസൺ ആയ മുഹൂർത്തം കുറിച്ചു ഞങ്ങൾ അതുറപ്പിച്ചു. പോകുന്നതിന് ഒരു രണ്ടാഴ്ച മുമ്പ് കുറേ ഇന്റർനെറ്റ് പരതലിന് ശേഷം ഒരു Airbnb റൂം ബുക്ക് ചെയ്തു - 700 ക./ദിവസം. GSTക്കു മുൻപുള്ള നികുതി അടക്കം 1800 ക. രണ്ടു ദിവസത്തേക്ക്. പിന്നെ ദിവസങ്ങൾ എണ്ണിയെണ്ണി കാത്തിരിപ്പ്.
ആമുഖത്തിന് ഇവിടെ അന്ത്യം.


ഗോവചരിതം - ഒന്നാം ദിവസം

ഹൈദരാബാദിൽ നിന്നു ഞാനും ബാംഗ്ലൂരിൽ നിന്നു അവനും തലേ ദിവസം ബസ്സിൽ പുറപ്പെട്ടു. എന്റെ ബസ് റായ്ച്ചുർ, ഹൂബ്ലി, കാർവാർ വഴി പനാജിക്ക്. രാവിലെ കണ്ണു തുറന്നപ്പോൾ കാർവാർ കഴിഞ്ഞു ഗോവ അതിർത്തി എത്തിയിരിക്കുന്നു. എങ്ങും പച്ച. മഴക്കാലത്തു കേരളത്തിൽ എത്തിയ പോലെ തന്നെ. ഇടക്ക് കാണുന്ന സൈൻ ബോർഡുകളിൽ ഭാഷയുടെയും ആൾക്കാരിൽ വേഷത്തിന്റെയും വ്യത്യാസം മാത്രം കാണാം. കോർത്താലിം എന്ന സ്ഥലം കഴിഞ്ഞപ്പോൾ വലിയൊരു പാലം. അതു കടന്നു കഴിഞ്ഞാൽ പിന്നെ നോർത്ത് ഗോവയാണ്. ഇടക്കിടക്ക് കണ്ടൽ കാടുകളും നെൽപ്പാടങ്ങളും കണ്ടു മനസ്സു കുളിർപ്പിച്ചു വന്നപ്പോളേക്കും പനാജി/പഞ്ചിം എത്തി. ജിതിന്റെ ബസ് വരാൻ പിന്നെയും ഒരു മണിക്കൂർ എടുക്കുമത്രെ. എന്നെ വളഞ്ഞു പിടിച്ച ബൈക്ക്/റൂം വാടക ചേട്ടന്മാരിൽ നിന്നു ഒരു വിധം രക്ഷപെട്ടു ഞാൻ എന്റെ പ്രിയവിനോദത്തിൽ ഏർപ്പെടാൻ പോയി. നടപ്പുവിനോദം. കുറച്ചു നടന്നപ്പോളേക്കും ഒരു പഴയ കുറെ മൾട്ടികളർ കെട്ടിടങ്ങളും. സത്യം പറയാലോ, തനി ഫോർട്ട് കൊച്ചി. അങ്ങനെ നടന്നു നടന്നു ഞാൻ എന്റെ ഫുഡ് റീസർച്ചിൽ കണ്ടെത്തിയ രണ്ടു റസ്റ്റോറന്റുകൾ കണ്ടു പിടിച്ചു. പിന്നെ തിരിച്ചു ബസ് സ്റ്റാൻഡിൽ എത്തി ജിതിനെയും കൂട്ടി വാടകക്ക് വണ്ടി തരുന്ന ഒരാളെ കണ്ടു പിടിച്ചു. ബൈക്ക് മതിയെന്നു ഞാൻ, അല്ല, മഴയാണ് കാർ വേണമെന്ന് അവൻ. നടന്നോ ബസിലോ പോകാനാണ് ഇതിനേക്കാളുമൊക്കെ താത്പര്യമെങ്കിലും അവസാനം കാർ ഓക്കേ എന്ന് ഞാൻ പറഞ്ഞു; കല്യാണം കഴിക്കാൻ പോണ ചെക്കനല്ലേ, വിട്ടേക്കാം.
കനകൊണ എന്ന സ്ഥലം കഴിഞ്ഞുള്ള കാഴ്ച

കോർട്ടാലിം പാലം


പനാജിയിലെ പഴയ കെട്ടിടങ്ങൾ (ഫോർട്ട് കൊച്ചി ഫീൽ)


പനാജിയിലെ ഒരു കൊളോണിയൽ സ്റ്റൈൽ ഹോട്ടൽ. ഇതിനടുത്തു ഒരു കാസിനോ ഉണ്ട്.


 വഴിയിലെ ഗ്രാഫിറ്റി

മൂന്നു ദിവസത്തേക്ക് മൊത്തം 3200 രൂപക്ക് ഒരു വാഗണർ പേശി എടുത്തു. ആയിരം രൂപക്ക് പെട്രോൾ അടിച്ചു (വില, 57/ലിറ്റർ ഒൺലി) ഞാൻ നേരത്തെ കണ്ടു പിടിച്ച കഫേ റിയൽ ലക്ഷ്യമാക്കി വിട്ടു. കാണാൻ നല്ല ഭംഗിയുള്ള ഹോട്ടൽ - എം ജി റോഡിലാണ്. അവിടുത്തെ സ്‌പെഷ്യൽ, പൂരിയും പല പല ഗോവൻ ബ്രേക്ഫാസ്റ്റ് കറികളുമാണെന്നു വെയ്റ്റർ പറഞ്ഞു. പോരട്ട് രണ്ടു പ്ലേറ്റ് എന്നു ഞാൻ. അങ്ങനെ സൂഖിയും (ഉരുളക്കിഴങ്ങു കറി) പാതാൾ ഭജിയും (വെള്ളക്കടല കൊണ്ടുള്ള കറി) ഞങ്ങൾ പൂരിയും പാവും കൂട്ടി കഴിച്ചു. കൂട്ടിനൊരു ലസ്സിയും.
 പനാജിയിലെ പ്രശസ്തമായ ഒരു കഫേ (ഇവിടെ നിന്ന് ബ്രേക്ക്ഫാസ്റ്റ് )


ഗുഡ് മോർണിംഗ്

അവിടെ നിന്നിറങ്ങി ഞങ്ങൾ GPS വാസ്കോ ഡ ഗാമ എന്ന പട്ടണം ലക്ഷ്യമാക്കി സെറ്റ് ചെയ്തു. അവിടെയാണ് ഞങ്ങൾ ബുക്ക് ചെയ്ത മുറി. 30 കിലോമീറ്റർ ഉണ്ട്. പുഴയും പച്ചപ്പും നനഞ്ഞ റോഡും കണ്ടൽക്കാടുകളും ബോട്ടുകളും എല്ലാം കണ്ടു നല്ലൊരു ഡ്രൈവ്. ഇടക്ക് ഗൂഗിളമ്മച്ചി ചതിച്ചെങ്കിലും ആൾക്കാരെ ഒക്കെ വിളിച്ചു ലക്ഷ്യസ്ഥലത്തെത്തി. 'പെരേരാസ്‌ ഗോവൻ വില്ല' എന്നു പേരുള്ള, മുഴുവൻ കടും നീല (imperial blue) ചായമടിച്ച രണ്ടു കെട്ടിടങ്ങൾ. ചെറിയ റോഡിൽ നിന്ന് കുറച്ചു സ്റ്റെപ്പുകൾ കയറി വേണം മുകളിൽ എത്താൻ. ഞങ്ങളുടെ ആതിഥേയ 'ശലക' ഗേറ്റിൽ തന്നെ ഉണ്ടായിരുന്നു. അവർ ഞങ്ങളെ റൂം ഒക്കെ കാണിച്ചു തന്നു. വൃത്തിയുള്ള സ്ഥലം. കുളിച്ചു ഫ്രഷ് ആയി ഇന്നിനി എങ്ങോട്ടു പോകും എന്ന് കുറച്ചു റിസർച്ച് ചെയ്തു (ഗൈഡ് ബുക്കുകൾ റൂമിനടുത്തുള്ള ഹാളിൽ ഉണ്ടായിരുന്നു). മൊബൈൽ പവർബാങ്ക്, കുട, ഒരു ഗൈഡ്ബുക്ക് ഒക്കെ ഒരു ചെറിയ ബാഗിലാക്കി ശലകയോട് ടാറ്റാ പറഞ്ഞു ഞങ്ങൾ പുറപ്പെട്ടു. ആദ്യലക്ഷ്യം 5 കിലോമീറ്റർ അകലെയുള്ള മോർമുഗാവോ ഹാർബർ. ഇന്ത്യൻ പോർട്ടുകളിൽ ഇരുമ്പയിര് (iron ore) ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന പോർട്ട് ആണ്. ചെറിയൊരു കുന്നിന്മുകളിൽ 'വ്യൂ പോയിന്റ്' എന്ന ബോർഡ് കണ്ടു. വല്യ വ്യൂ ഒന്നും ഇല്ല. നമ്മടെ തോപ്പുംപടി പാലം കയറിയാൽ ഇതിലും കിണ്ണൻ വ്യൂ കിട്ടും എന്ന് പറഞ്ഞു ഞങ്ങൾ വണ്ടിയെടുത്തു. അടുത്ത ലക്ഷ്യം ഗോവയവിലെ ഏറ്റവും നീളമുള്ള കടൽത്തീരങ്ങളിൽ ഒന്നായ കോൾവ ബീച്ച് (2.4 കിലോമീറ്റർ നീളം).

 താമസിക്കാനൊരു മുറി

വ്യൂ ഇല്ലാത്ത വ്യൂ പോയിൻറ്

ചെറിയ ഹൈവേ, നല്ല ഡ്രൈവ്. ഇടക്കിടക്ക് ഞാൻ അവനോട് ചോദിക്കുന്നു, "എടാ ഇതു നമ്മുടെ വരാപ്പുഴ-കൊടുങ്ങല്ലൂർ റൂട്ട് അല്ലേ?" ചുറ്റും അതു പോലെ തന്നെ എന്നു മാത്രമല്ല, അതേ ഹൈവേ തന്നെ ആണെന്ന് പിന്നെ മനസ്സിലായി (പനവേൽ-കൊച്ചി NH 17). ഇടക്കൊരു സ്ഥലത്തു ഒരു തട്ടുകടയിൽ എന്തോ വറുക്കുന്ന കണ്ടപ്പോ ഞാൻ പറഞ്ഞു, "ചവിട്ടെടാ ബ്രേക്ക്, വിശക്കണു!"
വണ്ടി സൈഡ് ആക്കി റോഡ് മുറിച്ചു കടന്നു ഞങ്ങൾ എന്താ ഭൈയ്യാ പെഷൽ എന്നു ഹിന്ദീല് ചോയ്ച്ചു. എന്തൊക്കെയോ ലിസ്റ്റ് പറയുന്ന കൂട്ടത്തിൽ വടാ പാവ്, ഓംലെറ്റ്, ബജ്ജി, സേവ് പൂരി ഇതൊക്കെ മനസ്സിലായി. ഈ കോരി വറുത്തെടുക്കുന്നത് ആലൂ ബോണ്ടയാണോ എന്നു ചോയ്ച്ചപ്പോൾ അല്ലാ വടാ പാവിനുള്ള വട ആണെന്ന് പറഞ്ഞു. പോരട്ടെ രണ്ടു പ്ലേറ്റ് എന്നു ഞങ്ങൾ. തൊട്ടു പുറകിലുള്ള മതിലിന്മേൽ കുറേ അണ്ണന്മാർ എന്തൊക്കെയോ കൊറിച്ചും സിഗരറ്റ് വലിച്ചും സൊറ പറഞ്ഞും ഇരിപ്പുണ്ടായിരുന്നു. വടാ പാവ് കിട്ടിയ പാടെ ജിതിൻ ഒരു കടിയും തൊട്ടു പുറകെ അവ്യക്തമായ ഭാഷയിൽ എന്തൊക്കെയോ പുലമ്പുകയും ചെയ്യുന്നുണ്ടായിരുന്നു. "അയ്യോ പൊള്ളണ്, ചൂട് ചൂട്!" എന്നാണാതെന്നു ഞാൻ ഗണിച്ചെടുത്തു. ആക്രാന്തം കാണിക്കാതെടാ മണ്ടാ എന്നു പറഞ്ഞു ഞാൻ ആരാം സേ രണ്ടു മൂന്നു ഫോട്ടോ ഒക്കെ എടുത്ത് ഊതി ഊതി കടിച്ചു കഴിച്ചു. മുംബൈ വടാ പാവിന്റെ അടുത്ത് വരില്ലേലും ടേസ്റ്റ് വല്യ മോശല്യ. ജിതിൻ അതു കഴിഞ്ഞു ഒരു പ്ലേറ്റ് പാനി പൂരി ഓർഡർ ചെയ്തു. ഒരെണ്ണം ഞാനും അതിൽ നിന്നു ഞോണ്ടി. ബ്ലേഹ്, മധുരമുള്ള പാനി, ത് ഭൂ! 44 രൂപ കൊടുത്തു അവിടുന്നു കയ്ച്ചിലായി. ഗൂഗിളമ്മച്ചിയുടെ അനുഗ്രഹപ്രകാരം പെട്ടന്ന് തന്നെ ബീച്ച് എത്തി. ചുറ്റുമുള്ള കടകളിലൂടെ ഒന്നു കണ്ണോടിച്ചപ്പോൾ അതാ ഒരു 'കേരളാ റസ്റ്ററന്റ്'. ശെടാ, ഇതെല്ലാടത്തും ഉണ്ടല്ലോ പണ്ടാരടങ്ങാൻ എന്നു വിചാരിച്ചു ചെറിയൊരു പാലം കടന്നു പടിഞ്ഞാറു അറബിക്കടലിൽ തീരത്തേക്ക്.


വല്യ തിരക്കൊന്നുമില്ലാത്ത ശാന്തമായ, വിശാലമായ ബീച്ച്. ഫാമിലി ഫ്രൻഡ്‌ലി പ്ലേസ്. ബീച്ചിന്റെയും ഞങ്ങളുടെയും കുറച്ചു പല ആംഗിൾ പടങ്ങൾ ഫോണിൽ എടുത്ത് ജിതിന്റെ നിർബന്ധത്തിൽ കുറച്ചു സെൽഫിയുമെടുത്തു (എനിക്ക് അത്ര ഇഷ്ടമില്ലാത്ത പരിപാടിയണത്). പിന്നെ ഒരു ഒന്നൊന്നര കിലോമീറ്ററോളം ബീച്ചിലൂടെ നടന്നു. ചില ഭാഗത്തു നല്ല സോഫ്റ്റ് പൂഴി മണ്ണ്, ചിലയിടത്തു നടക്കുമ്പോൾ കരു കരു എന്ന്‌ ഒച്ചയുണ്ടാവുന്ന കക്കത്തോടുകൾ നിറഞ്ഞ മണ്ണ്. ഇടക്ക് തിരമാലകൾ വന്ന് നനക്കണ്ട എന്നു വിചാരിച്ച എന്റെ ഷോർട്‌സ് ഒക്കെ നനച്ചു തന്നു. തീരെ ചെറിയ ഞണ്ടുകൾ തിരമാല വരുമ്പോൾ പെട്ടന്ന് ആ ശക്തിയിൽ കുറച്ചു ഒഴുകുകയും പോകുമ്പോൾ ധൃതിപ്പെട്ട് കുഴിയുണ്ടാക്കി 'ഞങ്ങളിവിടില്ലേ' എന്ന മട്ടിൽ അകത്തു കയറി ഒളിച്ചിരിക്കുകയും ചെയ്തുകൊണ്ടേയിരുന്നു. ഇടക്ക് ഒരേ പൊത്തിൽ കയറാൻ രണ്ടു ഞണ്ടുകൾ ഫൈറ്റ് ചെയ്യും. ഏതാണ്ടൊരു തീരുമാവുമ്പോഴേക്കും അടുത്ത തിരമാല വന്നു 'മതി നിങ്ങടെ തോന്ന്യാസം' എന്ന ഭാവത്തിൽ അവരെ തൂക്കിയെടുത്തു അപ്രത്തിടും. ഞാനിതു കുറേ നേരം നോക്കി നിന്നു. മറ്റു പല ഉദ്ദേശത്തോടെ, കഴുകൻ കണ്ണുകളുമായി ചില കാക്കകളും ഇതു നോക്കി നിന്നു.
 ഞണ്ടുമോൻ 



കുറേ നടന്ന് ഒരു ലൈഫ്‌ഗാർഡ് പോസ്റ്റിനരികിൽ ഞങ്ങൾ ഇരുന്നു. കുറച്ചു വർത്തമാനവും അതിനിടയിൽ ശലകയെ വിളിച്ചു ഡിന്നർ ഓർഡർ ചെയ്യലും. വെളിച്ചം മങ്ങിത്തുടങ്ങിയപ്പോൾ തിരികെ നടന്നു. ഇടക്കൊരു ഷാക്ക്‌ ഞങ്ങളെ പ്രലോഭിപ്പിച്ച് അകത്തു കയറ്റി. അവിടെ നിന്ന് ആവറേജ് ബീഫ് ചില്ലിയും കൊള്ളുല്ലാത്ത ഫ്രഞ്ച് ഫ്രൈസും പിന്നെ രണ്ടു പാനീയങ്ങളും ട്രൈ ചെയ്തു (നിയമപ്രകാരമുള്ള മുന്നറിയിപ്പ്‌ : ചില പാനീയങ്ങൾ ആരോഗ്യത്തിനു ഹാനികരം). അവിടെ നിന്നിറങ്ങി കാർ പാർക്ക് ചെയ്ത സ്ഥലത്തെത്തിയപ്പോൾ തൊട്ടപ്പുറത്തെ കഫേയിൽ ഒരു താടിക്കാരൻ സാക്സോഫോൺ വായിക്കുന്നു. സബ്‌റോം കെ സിന്ദഗി കഭി നഹി ഘതം ഹോതാ. ചേട്ടൻ സൂപ്പറാ എന്നു പറഞ്ഞു ഞങ്ങൾ വണ്ടിയെടുത്തു. കാറിലെ പാട്ടുപെട്ടി തകരാറിലായതിനാൽ ഞങ്ങളുടെ കണ്ഠനാളങ്ങളും കൈകളും ആ ജോലി ഏറ്റെടുത്തു യാത്ര കൊഴുപ്പിച്ചു.



വില്ലയിലെത്തി ഒന്നു ഫ്രഷ് ആയി. താഴെ അടുക്കളയിൽ ശലക വഴറ്റുന്നതിന്റെയും വറുക്കുന്നതിന്റെയും ശബ്ദം. നല്ല വിശപ്പ്‌. കുറച്ചു കഴിഞ്ഞു വാതിലിൽ ഒരു കൊട്ട്, "ഡിന്നർ റെഡി". ഹാളിലുള്ള ചെറിയ ടേബിളിൽ ഞങ്ങൾക്കായി രണ്ടു നോൺ വെജ് ഥാലിയും കൂട്ടിനു സ്രാവ് വറുത്തതും. ഥാലിയിൽ ചപ്പാത്തി, ചോറ്, കാബേജ് തോരൻ (നമ്മുടെ നാട്ടിലെ സ്റ്റൈൽ), ചെമ്മീൻ കറി, ചിക്കൻ ശാക്കുറ്റി (xacuti - ഗോവൻ സ്‌പെഷ്യൽ തേങ്ങാപ്പാൽ വച്ചുള്ള ചിക്കൻ കറി), സാലഡ് ഒക്കെ ഉണ്ടായിരുന്നു. സ്രാവ് ഗോവൻ രീതിയിൽ റവ കൊണ്ടു ഫ്രൈ ചെയ്‌തെടുത്തതായിരുന്നു. നല്ല പോലെ മൊരിഞ്ഞു പാകത്തിന് എരിവും ഉപ്പുമായി ഒന്നാന്തരം ഐറ്റം. എല്ലാം വേണ്ടുവോളം തിന്നു താങ്ക്യൂ ഗൂഡനൈറ്റ് പറഞ്ഞു റൂമിലേക്ക് കയറി. 

 സ്രാവ് ഫ്രൈ (ആക്രാന്തത്തിൽ ഷേക്ക് ആയിപ്പോയി)


ഇതിനിടയിൽ പിറ്റേ ദിവസം ദൂദ്സാഗർ വെള്ളച്ചാട്ടം കാണാൻ പിറ്റേന്ന് രാവിലെ പുറപ്പെടാം എന്നു ഉറപ്പിച്ചു. നാലു മണിക്ക് എണീക്കണമെന്നു അവൻ. നടക്കൂല മോനെ, ആറു മണി എന്നു ഞാൻ. എന്റെ വാശിയിൽ ഞാൻ 90% ജയിച്ചു. അഞ്ചരക്കു അലാറം വച്ചു ഞങ്ങൾ കിടന്നു. ഗൂഡ്നൈറ്റ്!
(തുടരും...)
PS: #GoaDiaries #ഗോവചരിതം - ഫോട്ടോകൾ എല്ലാം സാംസങ് ഗാലക്സി S 5ൽ എടുത്തതാണ്. DSLR നാട്ടിലായിപ്പോയി

Comments

Popular posts from this blog

(എനിക്കു വേണ്ടാത്ത) കൂട്ടുകാരൻ

താടിക്കൊരു പ്രേമലേഖനം (വിരഹലേഖനം)

നൂറ്... പേര് നൂറ്