ഹംസചരിതം - An Ode to 'Quintel Hamsa'

ഹംസചരിതം - An Ode to 'Quintel Hamsa'


ക്വിന്റെൽ  ഹംസ  എന്നും ആള് ട്രെണ്ടി ട്രെണ്ടി  ആയിരുന്നു.  ഞാൻ യു പി സ്കൂളിൽ പഠിക്കുമ്പോഴാണ് അങ്ങേരെ ആദ്യമായി ശ്രദ്ധിക്കുന്നത്. കൂടരഞ്ഞി അങ്ങാടിയിലെ മേജർ ചുമട്ടുതൊഴിലാളി. നീല ഷർട്ടും ചുവന്ന തോർത്തും ഏതെങ്കിലും മുഷിഞ്ഞ കൈലിമുണ്ടും ഇട്ടു ചാക്കുകെട്ടുകൾ കയറ്റിറക്ക് ചെയ്യുന്ന സംഘത്തിലെ മേജർ മഹാദേവൻ.

നൂറു കിലോ  ഭാരമുള്ള,  സാധനങ്ങൾ നിറച്ച ചാക്കുകൾ പോലും പുഷ്പം പോലെ ലോറിയിൽ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് കൊണ്ടാണ് അയാളെ 'ക്വിന്റെൽ ' ഹംസ എന്ന് വിളിക്കുന്നതെന്ന് അക്കാലത്ത് ഏതോ കൂട്ടുകാരൻ പറഞ്ഞു. അപ്പോഴാണ് 'ക്വിന്റെൽ' എന്ന വാക്ക് തന്നെ ഞാൻ കേൾക്കുന്നത്.

കൂടരഞ്ഞിയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു വ്യക്തിത്വങ്ങളിൽ ഒരാളാണ്, ആക്ച്വലി  രണ്ടാമനാണ്, ഹംസക്ക. ആദ്യത്തെ സ്ഥാനം എതിരില്ലാതെ കീരൻ അഥവാ കീരാപ്പിക്കാണ്. കൂടരഞ്ഞി അങ്ങാടിയിലെ സുപരിചിത മുഖങ്ങളിൽ രാഷ്ട്രീയക്കാരും അച്ചന്മാരും മാഷുമാരും സ്പോർട്ട്സുകാരും തരികിടപിള്ളേരും ഒക്കെയുണ്ടെങ്കിലും ഇവരായിരിക്കും ഏറ്റവും ഫേമസ്. കീരാപ്പി കൂടരഞ്ഞിയിൽ  എന്താ ചെയ്തിരുന്നതെന്ന് ഇപ്പഴും എനിക്കറിഞ്ഞൂടാ. അങ്ങാടിയിൽ പോകുമ്പോഴൊക്കെ എവിടെങ്കിലും അങ്ങേരുണ്ടാവും. മുഷിഞ്ഞ നിക്കറും അതിനു മുകളിൽ കേറ്റി കെട്ടിയ കൈലിമുണ്ടും കരിക്കട്ട പോലെ കറുത്ത, ഒരിക്കലും ഷർട്ട്‌ ഇടാത്ത ദേഹവും  നരച്ച കൊമ്പന്മീശയും മുഷിഞ്ഞ തോർത്ത്‌ കൊണ്ടുള്ള തലേക്കെട്ടും എപ്പോഴും മുറുക്കിത്തുപ്പി ചുവന്നു കറുത്ത വായും . അതായിരുന്നു കീരാപ്പി. പാവം, മരിച്ചുപോയി. നാട്ടുകാർ അങ്ങേർക്കു വേണ്ടി ആദരാഞ്ജലികൾ അർപിച്ചു അങ്ങാടിയിൽ ഫ്ലെക്സ് ബോർഡ് വച്ചു. ഇതു  വരെ പരിചയപ്പെടാൻ പറ്റിയില്ലെങ്കിലും അയാളെപറ്റി ഒന്നും അറിയില്ലെങ്കിലും ആ മുഖം അങ്ങാടിയിൽ ഇനിയും കാണില്ലല്ലോ എന്നോർക്കുമ്പോൾ വിഷമമുണ്ട്.

ബാക്ക് ടു ഹംസക്ക.

ഞാൻ പ്ലസ്‌ ടു പഠിക്കുമ്പോൾ ഒരിക്കൽ വഴിയിൽ എനിക്കെതിരെ വന്ന ഹംസക്കയെ കണ്ടു ഞാൻ ഞെട്ടി. പതിവ് വേഷത്തിനൊപ്പം കയ്യിൽ ഒരു മൊബൈൽ ഫോണും (അന്ന് മൊബൈൽ കൂടരഞ്ഞിയിൽ ഒരു നോവൽറ്റി ആയിരുന്നു) കഷണ്ടിത്തലയിൽ ഷ്റ്റൈലൻ ഒരു കൂളിംഗ്‌ ഗ്ലാസും. എന്റെ കൂട്ടുകാരൻ ചോദിച്ചു, "ഹംസക്കാ, എങ്ങോട്ടാ അടിപൊളിയായിട്ടു?" മുഴുവൻ പല്ലും കാട്ടി ചിരിച്ചു കൊണ്ട് അങ്ങേരു പറഞ്ഞു, "പൊഴേല്, കുളിക്കാൻ പോവാ." അന്ന് ഞാൻ ആലോചിച്ചു, എപ്പഴേലും ക്വിന്റെൽ ഹംസയെ നായകനാക്കി സിനിമയെടുക്കണമെന്ന്. നടക്കുമോ എന്തോ, കണ്ടറിയാം.

കുറെ കാലത്തിനു ശേഷം ഇന്നലെ  ഞാൻ പുള്ളിയെ കണ്ടു. ആദ്യം എനിക്ക് മനസ്സിലായതെ ഇല്ല. എങ്ങനെ മനസ്സിലാവും? തേച്ചു മിനുക്കിയ വെള്ള ഷർട്ടും കറുത്ത പാൻറും തലയിൽ ഒരു തൊപ്പിയും. പോസ്റ്റ്‌ ഓഫീസ്  ജങ്ക്ഷനിൽ സ്കൂൾ പിള്ളേരോടും പരിചയമുള്ള നാട്ടുകാരോടും ഹായ് പറഞ്ഞു ഷേക്ക്‌ ഹാൻഡ്‌ കൊടുക്കുന്നു. ആ കൂളിംഗ് ഗ്ലാസും ചിരിയും കണ്ടപ്പോഴാണ് എനിക്ക് ആളെ മനസ്സിലായത്.

ഞാൻ തിരിച്ചു പോരുമ്പോൾ കൂടരഞ്ഞി അങ്ങാടിയുടെ ലെജണ്ട്, അണ്‍സങ്ങ് ഹീറോ, ക്വിന്റെൽ ഹംസ, ബസ്‌ സ്റ്റോപ്പിൽ ഏതോ മൊഞ്ചത്തിപ്പെണ്ണിനെപ്പറ്റി ഒരു മാപ്പിളപ്പാട്ട് പാടുകയായിരുന്നു, ആ കൂളിംഗ് ഗ്ലാസും വച്ച്.

ക്വിന്റെൽ  ഹംസ  എന്നും ആള് ട്രെണ്ടി ട്രെണ്ടി  ആയിരുന്നു.

Comments

  1. ഉള്ളി മുതൽ ഉപനിഷത്ത് വരെ ഉപന്യാസാങ്ങൾക്കും കഥകൾക്കും ഇതിവൃത്തമാക്കാം എന്ന് കേട്ടിട്ടുണ്ട്. ഏങ്കിലും നമ്മുടെ 'ഹംസക്ക ' യുടെ കഥയിലെക്കുള്ള രംഗ പ്രവേശം എനിക്കങ്ങോട്ട് ഒരുപാട് സുഖിച്ചു . അതുലിനു അഭിനന്ദനങ്ങൾ .....

    ReplyDelete
  2. സത്യത്തില്‍ ഈ ഹംസക്ക ആരാണ്...? എവിടെ നിന്ന് വന്നു..? ഇനി എവിടേക്ക് പോകും..?
    ദൈവമേ ,ഞാനും ഇപ്പോഴേ ഇതൊക്കെ ചിന്തിച്ചുള്ളുവല്ലോ...! എന്തായാലും നന്ദി അതുല്‍..നാട്ടിലേക്ക് തിരികെ കൊണ്ട് പോയതിനു..
    ഇനിയുമിനിയും എഴുതുക...
    അഭിനന്ദനങ്ങള്‍....

    ReplyDelete
  3. നന്ദി, ഒരായിരം നന്ദി !

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. മറ്റുള്ളവരുടെ ജീവിതങ്ങളിലൂടെ സ്വന്തം ജീവിതം ജീവിച് തീര്ക്ക്കുന്ന നമ്മുടെ ഹംസക്കയെ പോലുള്ളവരെ പറ്റി എഴുതുന്നത് തന്നെ വളരെ അർത്ഥവത്താണ്.. ഒത്തിരി അഭിനന്ദനങ്ങൾ ഈ ബ്ലോഗനു

    ReplyDelete

Post a Comment

Popular posts from this blog

(എനിക്കു വേണ്ടാത്ത) കൂട്ടുകാരൻ

താടിക്കൊരു പ്രേമലേഖനം (വിരഹലേഖനം)

നൂറ്... പേര് നൂറ്