ഹാപ്പി ഈസ്റ്റര്‍!

ഹാപ്പി ഈസ്റ്റര്‍!

ഈസ്റ്റര്‍- അമ്പത് ദിവസം ഇറച്ചീം മീനും മുട്ടേം എന്നിങ്ങനെ ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്തതൊക്കെ ഉപേക്ഷിച്ചു കാത്തിരുന്നു പാതിരാത്രി പള്ളിയില്‍ പോയി അൾത്താരബാലനായും അല്ലാതെയും കുര്‍ബാനേം കണ്ടു പ്രാർത്ഥിച്ചു അത് കഴിഞ്ഞു പുലർച്ചെ കോഴീം ബീഫും കപ്പേം അപ്പോം സ്റ്റ്യുവും (പോർക്കിറച്ചി ഉണ്ടേലും ഞാൻ കഴിക്കില്ലായിരുന്നു, ഒരു മാതിരി മീനൊന്നും എനിക്കിഷ്ട്ടമല്ല) ഒക്കെ കഴിച്ചു എല്ലാർക്കും ഹാപ്പി ഈസ്റ്റര്‍ ആശംസിച്ചു നടന്ന ഒരു കാലമുണ്ടായിരുന്നു. പിന്നെപ്പിന്നെ കുർബാന കാണൽ പള്ളിക്കുള്ളിൽ നിന്ന് പള്ളിയുടെ പുറത്ത് നടേലായി. പിന്നെ അത് അപ്പ്രത്തുള്ള മതിലിന്റെ വക്കത്തും കാലക്രമേണ താഴെ പാർക്ക് ചെയ്തിരിക്കുന്ന ഏതേലും നാട്ടുകാരുടെ ജീപ്പിനുള്ളിലും ആയി. അപ്പോഴും തീറ്റക്രമത്തിന് മാറ്റം ഉണ്ടായില്ല. ഹാപ്പി ഈസ്റ്റര്‍ തന്നെ.

പിന്നെയും കാലം ചെന്നു... എന്ത് ഈസ്റ്റര്‍, എന്തുട്ട് ക്രിസ്മസ് എന്നൊക്കെയായി. അനുഷ്ഠാനം പോലെ വല്ലപ്പോഴും പള്ളീ പോവും, വല്ലപ്പോഴും... ആ അതൊക്കെ തന്നെ (നെടുവീർപ്പ്!). ഇപ്പ്രാവശ്യവും ഏതാണ്ടങ്ങനെ... സാധാരണ ഏതൊരു ദിവസവും പോലെ  ഈസ്റ്റര്‍; വല്യ പ്രത്യേകത ഒന്നും തോന്നീല്ല. എന്തുട്ട് ഈസ്റ്റര്‍? ഇടുക്കി ജില്ലയിലെ രാജക്കാടിലായിരുന്നു. രാവിലെ എപ്പഴോ എഴുന്നേറ്റു, പത്രം വായിച്ചു, സിബിചെട്ടന്റെ കൂടെ പോയി കപ്പേം ബീഫും കഴിച്ചു (അത് ഒഴിച്ചു കൂടാനാവതതാണ്)., അത്ര തന്നെ. എന്നെ വിളിച്ച എന്റെ കൂട്ടുകാരോടും ഫോണിൽ അത് തന്നെ പറഞ്ഞു, എന്തുട്ട് ഈസ്റ്റര്‍?

ഉച്ച കഴിഞ്ഞു അവിടെ നിന്ന് എറണാകുളം പോകാൻ ഞാൻ ഇറങ്ങി. ആതിഥേയനായ സിബിചേട്ടൻ ബസ്‌ കയറ്റി വിടാൻ കൂടെ വന്നു. ഇറങ്ങിയപ്പോ തന്നെ വന്ന അടിമാലി ബസിനു കൈ കാണിച്ചു കയറി. വളരെയധികം തിരക്കുള്ള ബസ്‌. ബാഗ് റാക്കിൽ വച്ച് ഞാൻ തൂങ്ങി നിന്നു. തിരക്കും ഭീകര വളവുകളും കയറ്റവും ഇറക്കവും ബസിന്റെ സ്പീഡും എല്ലാം കൊണ്ട് എല്ലാരും വലഞ്ഞു. എന്നാ തിരക്കാ? ഈസ്റ്റര്‍ന് ആൾക്കാർക്ക് വീട്ടിലിരുന്നൂടെ?

എന്റെ അടുത്ത് സാമാന്യം പ്രായമുള്ള ഒരപ്പപ്പാൻ കഷ്ടപ്പെട്ട് നില്ക്കുന്നുണ്ടായിരുന്നു. എല്ലാരേം ശ്രദ്ധിക്കുന്ന കൂട്ടത്തിൽ ഞാൻ അയാളെയും ശ്രദ്ധിച്ചു. കളർ മങ്ങിത്തുടങ്ങിയ ഷർട്ടും മുണ്ടും ധരിച്ചു കയ്യിൽ ഒരു കറുത്ത സഞ്ചിപ്പെഴ്സും പിടിച്ചു മിണ്ടാതെ നില്ക്കുന്നു. ഇടക്കെപ്പഴോ ഞാൻ താഴേക്ക്‌ നോക്കിയപ്പോ പുള്ളിക്ക് ചെരിപ്പില്ലെന്നു കണ്ടു. എന്റെ ആന്ഗ്രി ബേർഡ്സ് ചെരുപ്പിലേക്ക് ഒന്ന് നോക്കി പിന്നെ ഞാൻ മറ്റുള്ള ആള്ക്കാരെ ശ്രദ്ധിക്കാനും ആടിയുലഞ്ഞു നേരെ നില്ക്കാനും ശ്രമിച്ചു കൊണ്ടിരുന്നു.

പന്നിയാർകുട്ടി എന്നാ സ്ഥലമെത്തിയപ്പോ എനിക്ക് സീറ്റ്‌ കിട്ടി. ഇരുന്നപ്പോൾ ഞാൻ ആ അപ്പാപ്പൻ അടുത്തെങ്ങാനും ഉണ്ടോ എന്ന് നോക്കി. ഇല്ല കാണുന്നില്ല. സീറ്റ്‌ കിട്ടിക്കാണും, അല്ലേൽ  ഇറങ്ങിക്കാണും. കുറച്ചു കഴിഞ്ഞപ്പോൾ എനിക്ക് മുന്നിലെ സീറ്റിൽ ചാരി നിൽക്കാൻ അടുത്തുള്ള പൊക്കമുള്ള ആളിനെ വകഞ്ഞു മാറ്റി ശ്രമിക്കുന്ന അപ്പാപ്പനെ ഞാൻ കണ്ടു. ഞാൻ പതുക്കെ അയാളെ തോണ്ടി, തിരിഞ്ഞു നോക്കിയപ്പോ ഇരിക്കണേൽ ഇരുന്നോ എന്ന് പറഞ്ഞു. ഒരു നിമിഷം എന്തോ ആലോചിച്ചു നിന്നു  അയാൾ. വേണ്ടേൽ വേണ്ട എന്ന് ഞാൻ വച്ചു. അപ്പാപ്പൻ പതുക്കെ എന്റടുത്തു വന്നു, ഞാൻ എണീറ്റ്‌ കൊടുത്തു, അയാള് ഇരുന്നു. ഒന്ന് സ്വസ്ഥമായപ്പോൾ സഞ്ചിപ്പെഴ്സിൽ ചുരുട്ടി വച്ചിരുന്ന പൊകെല എടുത്തു ചവച്ചു. ഞാൻ പിന്നേം പുറത്തെ സീനറി നോക്കി നില്പ്പ്-സർകസ് ആരംഭിച്ചു.

ഏതാണ്ട് ഒരു മിനിട്ട് കഴിഞ്ഞപ്പോ അപ്പാപ്പൻ എന്നെ തോണ്ടി, എന്നിട്ട് പറഞ്ഞു, രാജാക്കാട് തൊട്ടു ഞാൻ നിക്കുവാ, കാലു ശെരിക്കു കഴച്ചു, ചിലര് സീറ്റിന്റെ കൈവരിയേ ചാരി നിക്കമെന്നു വച്ചാ പോലും സമ്മതിക്കുകേല... നന്ദി മോനെ.

അപ്പാപ്പൻ എന്നെ നോക്കി പുഞ്ചിരിച്ചു.

ആ നിമിഷം എന്റെ ഈസ്റ്റര്‍  ഹാപ്പി ഈസ്റ്റര്‍ ആയി മാറി.

Comments

  1. ഹാപ്പി ഈസ്റ്റെർ............. :)

    ReplyDelete

Post a Comment

Popular posts from this blog

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ

(എനിക്കു വേണ്ടാത്ത) കൂട്ടുകാരൻ

നൂറ്... പേര് നൂറ്