യാത്രാവിവരണം- St. ഗോൾഡൻ വർഗീസ്‌ പള്ളി, ഇടപ്പള്ളി

യാത്രാവിവരണം- St. ഗോൾഡൻ വർഗീസ്‌ പള്ളി, ഇടപ്പള്ളി 


ഒരു ബൈബിൾ വാചകം വച്ച് തുടങ്ങണം എന്നുണ്ട്. അതാണല്ലോ ഇങ്ങനത്തെ പോസ്റ്റുകളുടെ ഒരു ഫാഷൻ. പറയുന്ന ആൾക്ക് വിഷയത്തിൽ പ്രാവീണ്യം ഉണ്ടാ
വാം എന്ന് തോന്നിക്കും... ഞാൻ ബൈബിൾ വായിച്ചിട്ടില്ലാത്ത ആളൊന്നുമല്ല, ചെറുപ്പകാലം മുതൽ വേദപാഠ ക്ലാസ്സിലും വീട്ടിലുമൊക്കെയായി ബൈബിൾ അരച്ച് കലക്കികുടിച്ച് പല പല ഇടവക-ഫൊറോന-രൂപതാ മത്സരങ്ങളിൽ പുലിയായിരുന്ന ഒരു കത്തോലിക്കൻ (മാമ്മോദീസ കൊണ്ടും sslc സർട്ടിഫിക്കറ്റ് കൊണ്ടും). ഇപ്പൊ പഴേ പോലെ ഒന്നും ഓർമ ഇല്ല ബൈബിളിൽ. അതിൽ പറഞ്ഞിരിക്കുന്നതൊക്കെ തോന്നും പോലെ വളച്ചൊടിച്ച് അതിന്റെ ഇടയിൽ  സംസ്കാരവും തെങ്ങാപ്പിണ്ണാക്കും കുത്തി നിറച്ച് നടത്തുന്ന പ്രഹസനങ്ങളോട് ഏതാണ്ട് 15ആം വയസ്സിൽ തീർന്നതാ തിരുമേനീ ബഹുമാനം, സോമന്റെ ഭാഷേൽ പറഞ്ഞാൽ  ഇപ്പൊ മുഴുവൻ ഇറവറൻസ്!

പറഞ്ഞു വന്ന കാര്യം, കഴിഞ്ഞ ദിവസം 'ചിറകൊടിഞ്ഞ കിനാവുകൾ' കാണാൻ ഇടപ്പള്ളി ലുലു മാൾ  വരെ ഒന്ന് പോയിരുന്നു. പടം കഴിഞ്ഞപ്പോ 11.30 AM. എന്റെ ഹൈദരാബാദ് ബസ്‌ വരാൻ പിന്നെയും ഒന്നര മണിക്കൂർ ഉണ്ട്. ആ സമയം വരെ എന്ത് ചെയ്യും എന്ന് ആലോചിച്ചു. പോയി പുതിയ പള്ളി കണ്ടു കളയാം എന്ന് വിചാരിച്ചു. 3-4 കൊല്ലമായി ഇടപ്പള്ളി പുതിയ പള്ളി പണി തീരാതെ അങ്ങനെ കിടക്കുവായിരുന്നല്ലോ. ഇപ്പൊ തുറന്നു എന്ന് കേട്ടിരുന്നു. പോയ്‌ നോക്കാം.

ഇടപ്പള്ളി പള്ളിയേക്കുറിച്ച് പഴയ ചില ഓർമ്മകൾ ഉണ്ടെനിക്ക്. ആറ് വയസ്സുള്ളപ്പോൾ എറണാകുളം കാണാൻ പോയതും സുഭാഷ് പാർക്കിലെ കുട്ടി ജീപ്പ് ഓടിച്ചതും പെരുന്നാളിനോ മറ്റോ രാത്രി ഇടപ്പള്ളി പള്ളിയിൽ  പോയതും അത് ഭയങ്കര അദ്ഭുതം ഉള്ള പള്ളിയാണെന്നു അവിടെ ഉള്ള എന്റെ അങ്കിൾ പറഞ്ഞു തന്നതും നൂറോളം  പടികൾ ഉള്ള മണിമേടയുടെ മുകളിൽ കയറിയതും (അന്ന് ഞാൻ കേറിയ ഏറ്റവും പൊക്കമുള്ള സംഭവം ആയിരുന്നു അത്) "ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം" എന്ന മനോഹരഗാനം ആദ്യമായി കേട്ടതും അങ്ങനെ പലതും. പിന്നെ എപ്പഴോ അവിടുത്തെ കോഴി നേർച്ചയെക്കുറിച്ച്  കേട്ടു. ഒരേ സമയം 'ബലി'യാകുന്ന നൂറു കണക്കിന് കോഴികളേക്കുറിച്ചോർത്ത് സങ്കടം വന്നു എങ്കിലും കോഴിക്കറിയെ കുറിച്ച് ഓർത്തപ്പോൾ സന്തോഷിച്ചു.


ഫോട്ടോ: എബിൻ ജോയ് 

അങ്ങനെ ഞാൻ പുതിയ പള്ളി കാണാൻ പോയി. പള്ളിയെ പുച്ഛിക്കാൻ വേണ്ടി പോകുന്നത് മോശമല്ലേ, ഇതിനെനിക്ക് നരകം കിട്ടുമോ എന്നൊരു സംശയവും കുറ്റബോധവും  മനസ്സിൽ ഉണ്ടായിരുന്നു. അതിനും വേണ്ടി ഒരു പണ്ടാരം ഉണ്ടാക്കി വച്ചിട്ടല്ലേ, അപ്പൊപ്പിന്നെ പുച്ഛിക്കാം. പെരുന്നാൾ കഴിഞ്ഞ സമയം ആയതു കൊണ്ട് പന്തലും കച്ചവടക്കാരും മറ്റും ഉണ്ടായിരുന്നു. പുതിയ പള്ളി എന്നാ ഭീമാകാരമായ സംഭവത്തിന്‌ മുൻപിൽ പഴയ പള്ളി ഒരു കപ്പേള പോലെ നില കൊണ്ടിരിക്കുന്നു.  പണ്ട് ഞാൻ അത്ഭുതത്തോടെ കണ്ട മണിമേട ഇപ്പോഴില്ല. അതിനെക്കാളും പൊക്കമുള്ള പള്ളിയും രണ്ടു ഗോപുരങ്ങളും ഇപ്പോഴുണ്ട്. എന്തിന്, അച്ചന്മാർക്ക് താമസിക്കാനുള്ള പള്ളിമേടക്ക് തന്നെയുണ്ട് ഒരു ചെറിയ പള്ളിയെക്കൾ വലിപ്പം.

പള്ളിയിലേക്ക് കേറാൻ നല്ല നീളവും വിസ്താരവും ഉള്ള ramp  ഉണ്ട്. ചുറുചുറുക്കുള്ള യുവാവായ എനിക്ക് പോലും കാലുകൾ തെന്നുന്നുണ്ടായിരുന്നു, അത് കൊണ്ട് സൈഡിൽ ഉണ്ടായിരുന്ന കമ്പിയിൽ പിടിച്ച് കയറി, പള്ളി വരാന്തയിൽ എത്തി. പളുപളുത്ത മിനുസമുള്ള മാർബിൾ തറയിൽ തെന്നി വീഴാതിരിക്കാൻ ശ്രമിക്കുന്ന കുറെ അമ്മച്ചിമാർ ഉണ്ടായിരുന്നു. കൂടെയുള്ള ആളുടെ കയ്യിൽ മുറുകെ പിടിച്ച് ഒരമ്മച്ചി ചെരുപ്പ് ഇട്ടു പുറത്തേക്കിറങ്ങി.

അകത്തു കയറി. വിശാലമായ പള്ളി, കൊത്തുപണികൾ, കൂറ്റൻ തൂണുകൾ, മിക്ക ഭാഗങ്ങൾക്കും സ്വർണ്ണത്തിളക്കം. 30 കോടി മുതൽ 50 കോടി വരെ ഇതിനു ചിലവായെന്നു പറയപ്പെടുന്നു. 'ആരാധനാലയം' ആയതു കൊണ്ട് 5 പൈസ പോലും ടാക്സ് കൊടുക്കണ്ടായിരിക്കും. കൊടുത്ത കാശിനുള്ള പണി എന്തായാലും കോണ്ട്രാക്ടർ ചെയ്തിട്ടുണ്ട്, ഇനി അതിനുള്ള അനുഗ്രഹം പള്ളിമുകളിൽ ഉള്ള സ്വർണം പൂശിയ കർത്താവു തന്നാ മതിയായിരുന്നു.


ഫോട്ടോ: ഞാൻ, ധൃതിയിൽ എടുത്തത്‌

ഫോട്ടോ: എബിൻ ജോയ് 


ഫോട്ടോ: എബിൻ ജോയ് 

പള്ളിക്കുള്ളിൽ ഒരു കുട്ടി സ്വർണ്ണത്തൂണിൽ നഖം കൊണ്ട് ചുരണ്ടി നോക്കുന്നുണ്ടായിരുന്നു. പള്ളി നിറച്ചും ആളുകൾ. ഇരുന്നു പ്രാർഥിക്കുന്നവരുടെ ഇരട്ടിയോളം ഫോട്ടോ എടുക്കുന്നവർ, വായും പൊളിച്ചു നോക്കി നിക്കുന്നവർ. ഞാനും എടുത്തു മൊബൈലിൽ രണ്ടു ഫോട്ടോ. ഈ തീർത്ഥാടന കേന്ദ്രം ഇനി ആളുകളെക്കൊണ്ട് നിറയും, ഇനീം പള്ളികൾ ഇത് പോലെ ഉണ്ടാകും. അഷ്ടിക്കു വകയുണ്ടാക്കാൻ കഷ്ടപ്പെടുന്നവനും, വീട് ചോരുന്നവനും ബിഷപ്പിന്റെ വാക്ക് തിരുവചനമായി സ്വീകരിച്ച് കല്യാണത്തിന് ആർഭാടം കുറച്ചവനും എല്ലാം ഇവിടുത്തെ നേർച്ചപ്പെട്ടീൽ അനുഗ്രഹത്തിനായി കാശിടും. നാട്ടിലെ സ്കൂളുകളിൽ നിന്നും കൊച്ചി ടൂർ പോകുമ്പോൾ ഇനി ലുലു മാളിന്റെ കൂടെ ഈ പള്ളിയും ഒരു destination ആവും.

വലിയ വിശ്വാസം ഒന്നും ഇല്ലേലും ഏതു പള്ളീൽ കേറിയാലും ഒന്ന് കുരിശു വരച്ച് പ്രാർഥിക്കുന്ന ഒരു ശീലമുണ്ടായിരുന്നു. ഇവിടെ അത് വേണ്ട എന്ന് വച്ചു. 2 മിനുട്ടിനുള്ളിൽ പുറത്തിറങ്ങി.

പള്ളിയങ്കണത്തിലെ 'ഭക്തിസാന്ദ്രമായ' അന്തരീക്ഷത്തിലൂടെ പുറത്തേക്കു നടക്കുമ്പോൾ സംഗീതസാന്ദ്രമായ ഒരു ശബ്ദം മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു, "ഏതെടുത്താലും 199, ഏതെടുത്താലും 199, വമ്പിച്ച വിലക്കുറവ്..."

ഇതിലും നല്ല ചന്ത ലുലു മാൾ ആണെന്ന് മനസ്സില് ഓർത്ത് ഞാൻ അങ്ങോട്ട്‌ തന്നെ തിരിച്ചു പോയി. 

Comments

Popular posts from this blog

ഹംസചരിതം - An Ode to 'Quintel Hamsa'

KSRTC കഥകൾ