KSRTC കഥകൾ

KSRTC കഥകൾ
(പല കഥകളുണ്ട്... അതിൽ മൂന്നെണ്ണം)


1. സൂപ്പർ ഗാഡി

എവിടെ നിന്നോ എങ്ങോട്ടോ ഞാൻ പോകുന്നു (സ്ഥലം മറന്നു പോയി... തിരോന്തോരം  ടു  എറണാകുളം ആണെന്ന് തോന്നണു). പോകുന്ന വഴിക്ക് രണ്ടു ഭായിമാർ വണ്ടിയിൽ കയറി... (ഉത്തര ഭാരതത്തിൽ നിന്നുള്ള പ്രൊലിട്ടെറിയറ്റ് തൊഴിലാളികളെ അങ്ങനെ വിളിക്കനാണല്ലോ നമ്മൾ മുതലാളി മലയാളീസിന് ഇപ്പൊ ഇഷ്ടം). ചുള്ളനായ, ഈയിടെ PSC പാസ്സായി എന്ന് തോന്നിക്കുന്ന,  നമ്മുടെ ksrtc കണ്ടക്ടർ അവരുടെ കയ്യിൽ നിന്ന് കാശ് വാങ്ങി ടിക്കറ്റ്‌ കൊടുത്തു, ബാക്കിയും കൊടുത്തു.

കാശ് എണ്ണി നോക്കിയ അവരുടെ മുഖം വാടി... (ഇനിയുള്ള സംഭാഷണം സബ്റ്റ്യ്റ്റിൽ  ഇല്ലാത്ത ഹിന്ദിയിലാണ്... ഹിന്ദിയറിയാവുന്നവർ ഭാഗ്യവാന്മാർ, എന്തുകൊണ്ടെന്നാൽ ഭാവിയിൽ പിടിച്ചു നിൽക്കണമെങ്കിൽ അത് വേണം)
ഒരാള് ചോദിച്ചു: സർ, സോ റുപിയെ ദിയെ ഥെ... സൈന്തീസ് ഹി വാപസ് മിലാ...
കണ്ടക്ടർ : കറക്റ്റ് ഹൈൻ ഭായ്... ടിക്കറ്റ്‌ ചെക്ക്‌ കരോ..
അയാള്: ബസ് ദോ ലോഗ് ഹി ഹൈൻ നാ? ഉധർ തക് ഇത്നാ ക്യൂ ഹൈൻ ?
കണ്ടക്ടർ: യെ super fast ഹൈൻ...
അയാള്: ക്യാ സൂപ്പർ?

എല്ലാം കേട്ടോണ്ട്‌ പുറകിൽ ഇരുന്ന മറ്റൊരു ഭായ് ഇടയ്ക്കു കയറി...
"അരെ യാർ, യെ ഗാഡി സൂപ്പർ ഹൈൻ... ബഹുത് തേസ് ചലേഗാ... സൂപ്പർ  ഗാഡി!

ഭായ്മാരും കണ്ടക്ടർഉം സൂപ്പർ ഗാഡിയിലെ മറ്റു സൂപ്പർ യാത്രക്കാരും ഒത്തു ചിരിച്ചു...


2 . പ്രസുദേന്തി

ഏറണാകുളത്തു നിന്ന് ഗുരുവായൂര് വഴി കോഴിക്കോടിനു പോകുന്നു... അതിൽ വല്യ കാര്യമില്ല, എന്നാലും ഉള്ളൂ. എൻറെ പിറകിൽ ഇരുന്ന ചേട്ടന്റെ ഫോണ്‍ അടിക്കുന്നു. (അപ്പുറത്ത് പറയുന്നത് ഞാൻ കേൾക്കുന്നില്ല)

ചേട്ടൻ: ഹലോ... ഹലോ ... ഹലോ, അഛാ പറയൂ...
ചേട്ടന്റെ അച്ചൻ: ---- -----------
ചേട്ടൻ : ആ കേൾക്കാം... അച്ചൻ പറഞ്ഞോളൂ...
ചേട്ടന്റെ അച്ചൻ: -------- ------- ------
ചേട്ടൻ: പള്ളീലോ? പള്ളീല്?
ചേട്ടന്റെ അച്ചൻ: ----------------
ചേട്ടൻ : പെരുന്നാളിന് പ്രസുദേന്തി ആവാനോ? അതിനു എന്ത് ചെലവ് വരും അച്ചാ ?
ചേട്ടന്റെ അച്ചൻ: ----------------
ചേട്ടൻ: അത്രക്കൊന്നും എടുക്കാൻ എന്റെ അടുത്ത് ഇപ്പൊ ഇല്ല ... അത് വേണ്ട അഛാ...
ചേട്ടന്റെ അച്ചൻ: ----------------
ചേട്ടൻ : ശെരി അഛാ ...

ഗുണപാഠം : അങ്ങനെ ഒന്നുമില്ല... ആ പെരുന്നാളിന് ഒരു പ്രസുദേന്തി കുറഞ്ഞു!




3. വിയർപ്പും സർക്കാർ ജോലിയുടെ സൌകര്യവും 

സ്ഥലം: കോഴിക്കോട് ബസ്‌ സ്റ്റാന്റ്... കൊച്ചിക്കുള്ള ബസിൽ ഞാൻ കുത്തിയിരിക്കുന്നു... (സീറ്റ്‌ നമ്പർ 32 രണ്ടു പേർക്ക് വിശാലമനസ്കനായ റിസർവേഷൻ കൌണ്ടറിലെ ചേട്ടൻ എഴുതി തന്നത് കൊണ്ട് 53 ഇൽ ഇരിക്കേണ്ടി വന്നതിന്റെ ഒരു ചെറിയ വിഷമം എനിക്കുണ്ട്... എന്നാലും സൂപ്പർ എക്സ്പ്രസ്സ്‌ എയർ ബസ്‌ അല്ലെ (മലയാളത്തിൽ പറഞ്ഞാൽ പച്ച നിറമുള്ള ആനവണ്ടി), ഞാൻ അങ്ങ് സഹിച്ചു...

കുറച്ചു കഴിഞ്ഞപ്പോൾ റിസർവേഷൻ കൌണ്ടെരിന്റെ അടുത്ത് വലിയ ബഹളം... കാര്യം ഇതാണ്... ബാന്ഗ്ലൂർക്ക് പോകുന്ന പച്ച ആനവണ്ടിയിൽ നിന്നു യാത്ര ചെയ്യാൻ ആളുകളെ അനുവദിച്ചില്ല... സമയം രാത്രി പത്തര... വയനാടിനു പോകുന്നവര എന്ത് ചെയ്യും! ഇതാണ് കാര്യം...
പൊതുജനം ചോദിക്കാൻ ചെന്നു... പതിയെ പതിയെ ഒച്ച കൂടി...
ഒരു പൊതുജന ചേട്ടനോട് കാക്കിയിട്ട ഒരു ചേട്ടൻ പറഞ്ഞു, "നിങ്ങക്ക് സീറ്റ് തരില്ല! തരാൻ സൌകര്യമില്ല!"
പോരെ പൊടിപൂരം! പിന്നെ കനത്ത വാക്കേറ്റം... നിന്റെയൊക്കെ തറവാട് വകയാണോ ksrtc, തനിക്കെതിരെ പരാതി കൊടുക്കും, പരാതി ഞാനും കൊടുക്കും, ആ നമുക്ക് കാണാം, ആ കാണാം...
ഇതിനിടയിൽ നേരത്തെ കണ്ട പൊതുജന ചേട്ടൻ ഒരു  സൂപ്പർ ആം ആദ്മി ഡയലോഗ് അടിച്ചു, "ഞങ്ങടെയൊക്കെ വിയർപ്പിന്റെ പുറത്താ നീയൊക്കെ കാക്കിയിട്ട് വിലസുന്നത് ... ഈ വിയർപ്പിന്റെ! (നെറ്റി വിരൽ കൊണ്ട് തുടച്ചു വിയർപ്പുതുള്ളി താഴേക്കു കുടഞ്ഞ്‌)"

എന്തായാലും കുറച്ചു കഴിഞ്ഞു മറ്റു കാക്കി സഹോദരന്മാരായ പോലീസുകാർ "ഓ, ഇതൊക്കെ എന്ത്!" എന്ന മട്ടിൽ നിർവികാരതയോടെ നിർനിമെഷരായി ജനമൈത്രി പുനസ്ഥാപിച്ചു... ഒരു പോലീസുകാരന്റെ മുഖത്ത് സദാസമയം മന്ദഹാസമായിരുന്നു... അങ്ങനെ എല്ലാരും പിരിഞ്ഞു പോയി...

And then they lived happily ever after... :)

Comments

  1. ആശാനെ ഞാനും ഈപ്പണി തൊടങ്ങാൻ പോകുവാ.... തകർത്തൂട്ടോ..

    ReplyDelete

Post a Comment

Popular posts from this blog

ഹംസചരിതം - An Ode to 'Quintel Hamsa'

യാത്രാവിവരണം- St. ഗോൾഡൻ വർഗീസ്‌ പള്ളി, ഇടപ്പള്ളി